ഔഷധക്കഞ്ഞി അഥവാ കർക്കടക കഞ്ഞി
പ്രതിരോധശേഷി വർധിപ്പിക്കാന് ഔഷധക്കഞ്ഞി അഥവാ കർക്കടക കഞ്ഞി; തയാറാക്കുന്ന വിധം അറിയാം
ചേരുവകൾ: ∙
പൊടി മരുന്നിന്: ആശാളി, ഉലുവ, ജീരകം, മല്ലി, ചുക്ക്, കരിംജീരകം, അയമോദകം, തിപ്പലി, കുരുമുളക്, എള്ള് എന്നിവയിൽ നിന്നും ലഭ്യമായവ ഓരോന്നും ഒരു ചെറിയ സ്പൂൺ വീതം എടുത്ത് ഒന്നിച്ചു പൊടിച്ചു വയ്ക്കുക.
പിഴിഞ്ഞ് നീരെടുക്കുന്നതിന്: ദശപുഷ്പങ്ങളിൽ (മുക്കുറ്റി, തിരുതാളി, ചെറൂള, ഉഴിഞ്ഞ, മുയൽച്ചെവിയൻ, പൂവാംകുരുന്നില, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി) നിന്നും ലഭ്യമായവ ഒരു പിടി എടുക്കുക.
മറ്റ് ചേരുവകൾ:
ഞവരയരി/പൊടിയരി/നുറുക്ക് ഗോതമ്പ് – ഒന്നരക്കപ്പ്
ചെറുപയർ – രണ്ടു വലിയ സ്പൂൺ
ഉലുവ – ഒരു വലിയ സ്പൂൺ
ജീരകം – രണ്ടു ചെറിയ സ്പൂൺ
വെളുത്തുള്ളി – രണ്ട്– മൂന്ന് അല്ലി
ഉപ്പ്, ശർക്കര – പാകത്തിന്
തേങ്ങാപ്പാൽ – ഒന്നരക്കപ്പ്
ഉള്ളി അരിഞ്ഞത് – രണ്ട്–മൂന്ന് എണ്ണം
നെയ്യ്/വെളിച്ചെണ്ണ – താളിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഞവരയരി/പൊടിയരി/നുറുക്ക് ഗോതമ്പ്, ചെറുപയർ, ഉലുവ എന്നിവയും തയാറാക്കി വച്ചിരിക്കുന്ന പൊടിമരുന്നിൽ നിന്ന് ഒന്നോ രണ്ടോ ചെറിയ സ്പൂൺ വീതവും ആവശ്യത്തിന് വെള്ളവും ചേർത്ത് പ്രഷർ കുക്കറിലോ അല്ലാതെയോ വേവിക്കുക. അതിലേക്ക് ഔഷധ ചെടികളിൽ നിന്നും ലഭ്യമായവ അരച്ച് നീരെടുത്ത് കഞ്ഞിയിലേക്ക് ചേർത്ത് 10 മിനിറ്റ് വേവിക്കുക.
തേങ്ങാപ്പാൽ ചേർത്ത് തിളക്കുന്നതിനു മുൻപ് അടുപ്പിൽ നിന്നും വാങ്ങി വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി നെയ്യോ വെളുത്തുള്ളിയോ ഒഴിച്ച് ചൂടായ ശേഷം ജീരകം, ഉള്ളി അരിഞ്ഞത്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് താളിച്ച് കഞ്ഞിയിലേക്ക് ചേർക്കുക.
ഉപ്പോ ശർക്കരയോ ചേർത്ത് സേവിക്കുന്നതാണ്. മഴക്കാലത്ത് ദിവസവും ഒരു നേരം ഈ കഞ്ഞി കുടിക്കാവുന്നതാണ്.